This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുഞ്ഞിക്കണ്ണന്‍, പുത്തൂരം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കുഞ്ഞിക്കണ്ണന്‍, പുത്തൂരം

വടക്കന്‍ പാട്ടുകളിലെ ഒരു കഥാപാത്രം. ജ്യേഷ്‌ഠനായ ആരോമല്‍ ച്ചേകവര്‍ക്കുവേണ്ടി വച്ച അങ്കക്കിഴിപ്പണം അച്ഛനും അമ്മയും മറ്റു ബന്ധുക്കളും പ്രതിഷേധിച്ചിട്ടും സ്വീകരിക്കേണ്ടിവന്ന പുത്തൂരം ഇളയവനായ കുഞ്ഞിക്കണ്ണന്‌ (ഉണ്ണിക്കണ്ണന്‍ എന്നൊരു മാറ്റപ്പേരുകൂടിയുണ്ട്‌) ആ അങ്കപ്പണം കാരണം ജീവിതകാലമത്രയും നരകത്തീ തിന്നേണ്ടിവന്നു.

ജ്യേഷ്‌ഠന്‍ അറുകൊല ചെയ്യപ്പെട്ടപ്പോള്‍ കുറ്റമത്രയും താങ്ങേണ്ടിവന്നതും ആ ഇളം ചുമല്‍ തന്നെയായിരുന്നു. ജ്യേഷ്‌ഠന്റെ മരണത്തോടെ അച്ഛന്‍ കളരിയങ്കത്തില്‍ നിന്ന്‌ പുറത്തിറങ്ങാതെ ഒരു പ്രതികാരാഗ്നിപോലെ എരിഞ്ഞു നില്‌ക്കുന്ന കാഴ്‌ച കുഞ്ഞിക്കണ്ണനെ വീര്‍പ്പുമുട്ടിച്ചുകൊണ്ടേയിരുന്നു. അമ്മയുടെ മൗനദുഃഖവും നേര്‍പെങ്ങളായ ഉണ്ണിയാര്‍ച്ചയുടെ കുറ്റപ്പെടുത്തലും ആ ചെറുപ്പക്കാരനെ എന്നും അലോസരപ്പെടുത്തിക്കൊണ്ടിരുന്നു. ജ്യേഷ്‌ഠനില്‍ ജനിച്ച ഒരു കുഞ്ഞിന്റെ അമ്മ കൂടിയായ കുഞ്ചുണ്ണൂലി ജ്യേഷ്‌ഠത്തിയെ ഭാര്യയായി സ്വീകരിക്കേണ്ടിവന്നതും മറ്റൊരു കൊടിയ ശാപമായിട്ടുതന്നെയാണ്‌ കുഞ്ഞിക്കണ്ണന്‌ അനുഭവപ്പെട്ടത്‌. എങ്കിലും സ്വന്തം തറവാടിനോടുള്ള ബാധ്യതകള്‍, ചുട്ടുനീറുന്ന ദുഃഖാനുഭവങ്ങള്‍ക്കിടയിലും വേണ്ടതുപോലെ നിര്‍വഹിക്കുന്നതില്‍ കുഞ്ഞിക്കണ്ണന്‍ പരാജയപ്പെട്ടില്ല.

ജ്യേഷ്‌ഠന്റെ മകനായ കണ്ണപ്പനുണ്ണിക്കും മരുമകനായ ആരോമലുണ്ണിക്കും പ്രായപൂര്‍ത്തിവന്നതോടെ കുടുംബഭാരമത്രയും അവരെ ഏല്‌പിച്ചുകൊടുത്ത കുഞ്ഞിക്കണ്ണന്‍ പിന്നീടുള്ള കാലമത്രയും ഒരു സന്ന്യാസിയെപ്പോലെയാണ്‌ കഴിച്ചുകൂട്ടിയത്‌. ചേകവകുലത്തില്‍ പിറന്നുവളര്‍ന്ന ആളാണെങ്കിലും ആയോധനവിദ്യയില്‍ വലിയ താത്‌പര്യമൊന്നും കുഞ്ഞിക്കണ്ണന്‌ ഉണ്ടായിരുന്നില്ല.

(പയ്യന്നൂര്‍ ബാലകൃഷ്‌ണന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍